പെരുമ്പളത്തിന്റെ സാംസ്കാരികചരിത്രം

പെരുമ്പളത്തിന്റെ #സാംസ്കാരികചരിത്രം
(ചരിത്രമുറങ്ങുന്ന പെരുമ്പളം ഗ്രാമം : ലേഖന പരമ്പര ഭാഗം : 3 )
അനേകം ക്ഷേത്രങ്ങളാലും, വിവിധ സാംസ്കാരിക സംഘടനകളാലും സമ്പന്നമായയൊരു സാംസ്കാരിക ചരിത്രം പെരുമ്പളത്തിനുണ്ട്.
നാടകം, ബാലെ, പരമ്പരാഗത നാടൻ കലകൾ, ഗ്രന്ഥശാലകൾ, വായനശാലകൾ, കായികയിനങ്ങൾ, കയ്യെഴുത്ത് മാസികകൾ തുടങ്ങിയ കലാ കായിക സാംസ്കാരികരംഗത്ത് സമ്പന്നമായൊരു ഭൂതകാലം നമ്മുടെ ഗ്രാമത്തിലുണ്ടായിരുന്നു.
ശ്രീകൃഷ്ണവിലാസം പ്രഹസന യോഗം യോഗക്ഷേമ സമാജം, ടാഗോർ ആർട്സ് ക്ലബ് ഫൈനാർട്സ്, സി.കെ.പി.എം ഗ്രന്ഥശാല, വീനസ് തീയറ്റേഴ്സ്, വൈ. എൻ.എം. എ ,പണ്ഡിറ്റ് കറുപ്പൻ ഗ്രന്ഥശാല, പി.ഐ.എസ്.എ, എ.കെ.ജി.എം.സി, നെഹ്റു യൂത്ത് സെന്റർ, കുമാരനാശാൻ സ്മാരക വായനശാല ഫ്രണ്ട്സ് ഡ്രാമാറ്റിക് ക്ലബ് ,ഐലൻഡ് ഡ്രാമാറ്റിക്ക് ക്ലബ്, ഐലന്റ് തീയേറ്റേഴ്സ്, പി. സി. സി. തുടങ്ങിയവ പെരുമ്പളത്തിന്റെ സാംസ്കാരികനഭോ മണ്ഡലത്തെ ഉജ്വലമാക്കിയ സാമൂഹിക പ്രസ്ഥാനങ്ങളാണ്.
പ്രശസ്തരും, പ്രഗൽഭരുമായ സാംസ്കാരിക പ്രവർത്തരുടെ നാടായിരുന്നു പെരുമ്പളം. കെ. എൻ.വിശ്വനാഥൻ , വിദ്വാൻ കൃഷ്ണദേവ്, പെരുമ്പളം രവി, എൻ.പി.സുകുമാരൻ, പി. എൻ. പെരുമ്പളം, പെരുമ്പളം ശ്രീധരൻ തുടങ്ങിയ എഴുത്തുകാരുടേയും, സാംസ്കാരിക പ്രവർത്തകരുടെയും ഒരു നീണ്ടനിരതന്നെ നമുക്കുണ്ടായിരുന്നു. പ്രശസ്ത കവി ചെമ്മനം ചാക്കോ പ്രാഥമിക വിദ്യാഭ്യാസം ചെയ്ത സ്ഥലം കൂടിയാണിത്. പ്രശസ്ത നോവലിസ്റ്റായ എസ്.കെ. മാരാർ തന്റെ സാഹിത്യ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത് ഇവിടെയായിരുന്നു.
കെ.പി.കേശവമേനോൻ, കേളപ്പജി , മന്നത്ത് പത്മനാഭൻ, ആർ. ശങ്കർ , ഇ.എം.എസ് നമ്പൂതിരിപ്പാട്, വി.കെ. കൃഷ്ണമേനോൻ തുടങ്ങിയ പ്രശസ്തരായ വ്യക്തികൾ ഈ നാട് സന്ദർശിച്ച് ധന്യമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിൽ നമ്മുടെ നാടിന് അഭിമാനാർഹമായ ഒരു പശ്ചാത്തലമുണ്ട്. 1850 ൽ സ്ഥാപിച്ചതും H S L P S എന്നറിയപ്പെടുന്നതുമായ സ്കൂളാണ് പെരുമ്പളത്തെ ആദ്യത്തെ വിദ്യാലയം. 1902 ൽ ദ്വീപിന്റെ തെക്കു ഭാഗത്ത് മഠത്തുംമുറിയിൽ ശ്രീ ഗോപാല പണിക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി സർക്കാരിലേക്ക് കൊടുത്ത സൗത്ത് എൽപി സ്കൂളും ,1961 ൽ ശ്രീ.വെള്ളേ ചിറയിൽ ഭാസ്കരന്റെയും മറ്റും ശ്രമഫലമായി എസ്. എൻ. ഭജന യോഗം സംഭാവന ചെയ്ത സ്ഥലത്ത് നോർത്ത് എൽപി സ്കൂളും പ്രവർത്തനം ആരംഭിച്ചു. 1961 ൽ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശ്രീ ടി .പി കേശവപിള്ള സാറിന്റെ ശ്രമഫലമായി ഒരു ഹൈസ്ക്കൂൾ ഉണ്ടാവുകയും, നാട്ടുകാർ ഉൽപ്പന്ന പിരിവ് നടത്തി ,പണം സംഭരിച്ച് സ്ഥലം വാങ്ങി സർക്കാരിലേക്ക് നൽകി സ്കൂളിന് ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു .1991 മുതൽ ഇതൊരു ഹയർസെക്കൻഡറി സ്കൂളായി പ്രവർത്തിച്ചു വരുന്നു
തുടരും..

Comments

Popular posts from this blog

പെരുമ്പളംപാലം

Perumbalam bridge

എന്‍റെ നാടിന്‍റെ ചരിത്രം (The history of Perumpalam )