പെരുമ്പളം ഗ്രാമത്തിന്റെ പോരാട്ടചരിത്രം...!
പെരുമ്പളം ഗ്രാമത്തിന്റെ #പോരാട്ടചരിത്രം...!
( ചരിത്രമുറങ്ങുന്ന പെരുമ്പളം ഗ്രാമം : ലേഖന പരമ്പര:- ഭാഗം 2 )
..............................................................
..............................................................
പോരാട്ടസമരങ്ങളുടെ ചരിത്രം പേറുന്ന നാടുകൂടിയാണ് പെരുമ്പളം. നാട് കൊള്ളയടിക്കാൻ വന്ന അക്രമികളെ ചെറുത്ത് തോൽപ്പിച്ച് നാടിനെ രക്ഷിച്ച ധീരയോദ്ധാക്കളുടേയും, ജാതിക്കും, അയിത്തത്തിനുമെതിരെ സമരം ചെയ്ത സാമൂഹ്യ പരിഷ്ക്കർത്താക്കളുടേയും, ഭാരത സ്വാതന്ത്ര സമരത്തിന്റെ തീജ്വാലയിലേയ്ക്ക് സധൈര്യം മുന്നിട്ടിറങ്ങിയ ധീര ദേശാഭിമാനികളുടെയും നാടാണ് പെരുമ്പളം..!
എ.ഡി.1503 ൽ പെരുമ്പളത്ത് വന്ന ആൽബുക്കറിന്റെ നേതൃത്വത്തിലുള്ള പോർട്ടുഗീസ് പട്ടാളം ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. വൻ നാശനഷ്ടങ്ങൾ പെരുമ്പളം ഗ്രാമത്തിന് ഉണ്ടാക്കിയ ഈ പടയോട്ടം നിരവധി ഇല്ലങ്ങളുടേയും, കുടുംബങ്ങളുടെയും നാശത്തിനും വഴിതെളിച്ചു. അന്ന് പറങ്കിപട താവളമടിച്ചിരുന്ന സ്ഥലം ഇന്ന് ' പടപറമ്പ് ' എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ന് പെരുമ്പളം ഗ്രാമത്തിൽ ബോധി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് സ്ഥിതി ചെയ്യുന്ന പ്രദേശമായിരുന്നു അന്നത്തെ പടപ്പറമ്പെന്ന് പഴമക്കാർ പറയുന്നു. കൊള്ളക്കാരായ പറങ്കി പട്ടാളത്തെ ഒറ്റയ്ക്ക് എതിർത്ത് , വൻ നാശനഷ്ടങ്ങൾ വരുത്തിയ ഇടങ്കേറ്റിൽ ചക്കി വാരസ്യാർ എന്ന വീരേധിഹാസത്തിന്റെ ആത്മബലിയുടെ ചരിത്രവും നമ്മുടെ ഗ്രാമത്തിനുണ്ട്. ഗ്രാമത്തിന്റെ മൺതരികളെ പോലും പുളകം കൊള്ളിക്കുന്നതാണ് ആ ധീര ചരിത്രം.
കാലപ്രവാഹത്തിൽ ഏതാണ്ട് 350 വർഷങ്ങൾക്കുമുമ്പ് പെരുമ്പളം ദേശത്തെ പൗരാണിക വാസികളായ ബ്രാഹ്മണ കുടുംബങ്ങൾ നാമാവശേഷമായി. എ.ഡി. 1742 തിരുവിതാംകൂർ വാണിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ സചിവൻ രാമയ്യൻ ദളവ പെരുമ്പളത്ത് വരികയും, ഹൈദരാലി തിരുവിതാംകൂർ ആക്രമിക്കുമോ എന്ന ഭയംകൊണ്ടു രാജ്യാതിർത്തി സുരക്ഷിതമാക്കുന്ന തിന്റെ ഭാഗമായി പട്ടേക്കാട് ക്ഷേത്രത്തിന് വടക്കുഭാഗത്ത് മണൽ കോട്ട നിർമി ച്ചെന്നും, ഏതാണ്ട് 70 വർഷം മുമ്പുവരെ അതിന്റെ അവശിഷ്ടങ്ങൾ അവിടെ ഉണ്ടായിരുന്നതായും പറയുന്നു. പെരുമ്പളത്തെ പുരാതന ക്ഷേത്രങ്ങളിലൊന്നായ അരയുകുളര ക്ഷേത്രം എ.ഡി. 1650 ൽ നാട്ടുകാർ നിർമ്മിച്ച് ഇടപ്പള്ളി - ഇളങ്ങല്ലൂർ സ്വരൂപത്തിന് നൽകുകയായിരുന്നു. പെരുമ്പളത്തെ പൗരാണികരായ ബ്രാഹ്മണ കുടുംബങ്ങൾ സ്ഥാപിച്ചതാണ് ഗ്രാമത്തിലെ പല ക്ഷേത്രങ്ങളും. പേരണ്ടൂർ കിടയിൽ ഭദ്രകാളി ക്ഷേത്രം, ഇറപ്പുഴ , കോയിക്കൽ, കുന്നേൽ etc ക്ഷേത്രങ്ങൾ ഈ സമൂഹത്തിന്റെ സംഭാവനകളാണ്..
#സ്വാതന്ത്രസമരത്തിന്റെ തീജ്വാല നാടെങ്ങും പരന്നപ്പോൾ പെരുമ്പളം എന്ന കൊച്ചു ഗ്രാമവും സ്വാതന്ത്രസമര പോരാട്ടങ്ങളുടെ ഭാഗഭാക്കായി. 1922-ൽ ആര്യസമാജം മിഷണറിയായിരുന്ന ബ്രഹ്മചാരി ലക്ഷ്മണന്റെ നേതൃത്വത്തിൽ നെടിയപറമ്പിൽ വച്ച് ഒരു യോഗം കൂടുകയും, പി.ജി. കൃഷ്ണപ്പണിക്കർ ( പി.ജി.സർ ) , മാര്യാത്ത് തൊമ്മൻ, കൊച്ചിക്കാട്ട് ഗോപാലകൃഷ്ണൻ നായർ, തുരുത്തേൽ കണ്ണൻ, കറുമ്പൻ, ആദിച്ചൻ, തിരുവഞ്ചൻ, നാളിയാത്ത് നാരായണൻ നായർ എന്നിവരുൾപ്പെട്ട ഒരു കമറ്റി രൂപീകരിക്കുകയും അരയുകുളങ്ങര ക്ഷേത്ര മൈതാനത്ത് വച്ച് സർവ്വ ശ്രീ കെ.പി. കേശവമേനോൻ, കേളപ്പജി, ജോർജ്ജ് തോമസ്, ടി.എം വർഗീസ് തുടങ്ങിയവർ പങ്കെടുത്ത ഒരു മഹാസമ്മേളനം നടത്തുകയുണ്ടായി. മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ അയിത്തോച്ചാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേയ്ക്ക് നടത്തിയ സവർണ ജാഥയിൽ , പെരുമ്പളത്തു നിന്ന് ബ്രഹ്മചാരി ലക്ഷ്മണന്റെ നേതൃത്വത്തിൽ പന്ത്രണ്ടോളം പേർ പങ്കെടുത്ത അഭിമാനചരിത്രവും നമുക്ക് പറയാനുണ്ട്. പാണപറമ്പിലും, നെടിയപറമ്പിലും #പന്തിഭോജനം നടത്തി അയിത്തതിനെതിരെ വിപ്ലവം സൃഷ്ടിച്ച നാടു കൂടിയാണിത്.
സ്വാതന്ത്രസമരത്തിന്റെ ഭാഗമായി ഗാന്ധിജി ഉപ്പുസത്യാഗ്രഹം സംഘടിച്ചപ്പോൾ, അതിൽ പങ്കെടുക്കുവാൻ നമ്മുടെ കൊച്ചുഗ്രാമത്തിൽ നിന്ന് യാത്ര തിരിച്ചവരാണ് സി.എസ് രാഘവൻ ഇളയിടം, ശ്രീ. സി.ജി. ഗോപാലകൃഷ്ണൻ എന്നീ ധീര ദേശാഭിമാനികൾ. എന്നാൽ കോഴിക്കോട് വച്ച് ഇവർ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. പിന്നീട് സ്വാതന്ത്രാനന്തരം ഭാരത സർക്കാർ ഇവരെ താമ്രപത്രവും, സ്വാതന്ത്രസമര പെൻഷനും നൽകി ആദരിച്ചു....
തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് നയിച്ച സ്വാതന്ത്രസമര പ്രക്ഷോഭത്തിൽ പെരുമ്പളത്ത് നിന്ന് ടി.എം. ചേന്ദൻ എന്ന നിയമബിരുദധാരി പങ്കെടുക്കുകയും, വൈക്കത്ത് വച്ച് അറസ്റ്റ് വരിച്ച് ജയിൽവാസമനുഭവിക്കുകയും ചെയ്ത ചരിത്ര സംഭവവും നമ്മുടെ നാടിനുണ്ട്..
ഇത്തരത്തിൽ മറ്റേത് നാടിനുമെന്ന പോലെ വീര ചരിത്രങ്ങളുടെയും, പോരാട്ട സമരങ്ങളുടേയും, സാമൂഹ്യ പരിഷ്ക്കരണങ്ങളുടേയും നിലക്കാത്ത പ്രവാഹമുൾക്കൊള്ളുന്ന ഗ്രാമമാണ് നമ്മുടെ #പെരുമ്പളം
തുടരും...
ചക്കി വാരസ്യാരുടെ കഥ ഏതു ഗ്രന്ഥത്തിൽ നിന്നും എടുത്തതാണ്
ReplyDelete